Wednesday, September 4, 2013

സന്ധ്യമയങ്ങുംനേരം

ഒരു ഗ്രാമത്തിൽ 
ഒരു ഭ്രാന്തൻ 
ഒരു വേശ്യ 
ഒരു ചിത്രകാരൻ
ഒരു ശില്പി 
ഒരു  കവി
ബുദ്ധിജീവി, നോവലിസ്റ്റ് 
വിപ്ളവകാരി  എന്ന കണക്കിൽ 
ആരും പ്രതീക്ഷിക്കാത്ത നേരങ്ങളിൽ 
നിഷേധത്തിന്റെ ആളനക്കമുണ്ടാവും
പല ആയുസ്സുകളിൽ 

അവയ്ക്ക് പുറത്ത് 
അപ്രതീക്ഷിതമായ് 
ഒരില പോലുമനങ്ങാതെ 
നമ്മൾ  ജീവിക്കും  

വിപരീതങ്ങൾ 
വില്പനയ്ക്ക് വച്ച ചന്തയിൽ 
അവരെ നമ്മളും 
നമ്മളെ അവരും 
കൗതുകത്തോടെ നോക്കും 

ചിലപ്പോ വിലപേശും 
 
ചന്ത  പിരിയുമ്പോൾ 
പാ മടക്കി  ഇറങ്ങി പോകുന്നു 
ചങ്ങലയ്ക്കിടെണ്ടാത്ത ഭ്രാന്തൻ 
ഊരുവിലക്കേണ്ടാത്ത വേശ്യ 
പടം വരയ്ക്കേണ്ടാത്ത  ചിത്രകാരൻ 
കൊത്തോ കുഴയ്ക്കലോ വേണ്ടാത്ത  ശില്പി 
എഴുത്തില്ലാത്ത  കവി
സാമ്പ്രദായിക ബുദ്ധിജീവി, നോവലിസ്റ്റ് 
ഒറ്റുകാരനായ വിപ്ളവകാരി 
എന്ന കണക്കിൽ 
ആരും പ്രതീക്ഷിക്കാത്ത നേരത്ത് 
കൂടിളകിയതുപോലെ 
എന്നിൽനിന്ന് ഞാൻ 

ഇനി 
അടുത്ത ചന്തയ്ക്ക് കാണാം.

3 comments:

ajith said...

ആഴ്ച്ചച്ചന്തയുള്ളത് എത്ര നന്നായി

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ...

ബൈജു മണിയങ്കാല said...

അവനവനു വേണ്ടത് മാത്രം വാങ്ങുകയും അവനവന് വേണ്ടി വിലക്കുകയും ചെയ്യുന്ന ചന്ത അത് സ്വകാര്യ വേശ്യാലയം പോലെ സ്വീകാര്യം