Thursday, November 18, 2010

ലഹള

കണ്ണില്‍നിന്നൂരിവീണുടഞ്ഞത്‌
ഒരു കാഴ്ചബംഗ്ലാവ്‌ തന്നെയായിരുന്നു

അവിടെ
അഴിക്കുള്ളിലെ അലര്‍ച്ച
കാടുകയറിയ
ഓര്‍മ്മകളുടെ റിയാലിറ്റി ഷോയിലെ
കൊമേര്‍സ്യല്‍ ബ്രേക്കെന്നറിയാത്ത
കടുവയും പുലിയും
എന്തിന്‌ സിംഹങ്ങള്‍ വരെ ഉണ്ടായിരുന്നു
മിമിക്രിയായിത്തീര്‍ന്ന അവരുടെ വന്യതയില്‍
കേട്ടുപഴകിയ കൗശലങ്ങളിലും
കൈയ്യൊതുക്കം പോയ
കുറുക്കന്മാരുണ്ടായിരുന്നു
അവരുടെ
അരവയര്‍ നിറയാത്ത കൗശലങ്ങളില്‍
കഴുത്തില്‍നിന്ന് കണ്ണെടുക്കാത്ത
വാളിനോട്‌ വേദമോതുന്ന
വെട്ടുപോത്തുകളുണ്ടായിരുന്നു
വൈകിയുണരുന്ന ഞായര്‍പ്രഭാതങ്ങള്‍
കേള്‍ക്കാതെപോയെങ്കിലോ എന്ന് പേടിച്ച്‌
തലേന്ന് വൈകിട്ടേ കൊണ്ടുകെട്ടുന്ന
ചോരയിറ്റുന്ന അവരുടെ എഴുന്നള്ളത്തില്‍
ചാരിവച്ച തോട്ടിയെപ്പേടിച്ച്‌
ഏത്‌ തിടമ്പേറ്റാനും മുട്ടുവളയ്ക്കുന്ന
ഗജരാജന്മാരുണ്ടായിരുന്നു
കുത്തിപ്പൊക്കിയ അവരുടെ
തലയെടുപ്പിന്റെ ഓരങ്ങളില്‍
ആകുലതകള്‍ ഇമവെട്ടാതിരിക്കുന്ന
ചുണ്ടെലിക്കുഞ്ഞുങ്ങളുണ്ടായിരുന്നു
അവയുടെ കണ്ണിലെ
ഇടംവലമാടുന്ന ഭയങ്ങളില്‍
വില്ലുപോലെ കുലച്ച മുതുകും
അമ്പുപോലെ കൂര്‍ത്ത രോമങ്ങളുമുള്ള
അതിജീവനത്തിന്റെ രണ്ടുംകല്‍പ്പിച്ചുള്ള
പൂച്ചലഹളകളുണ്ടായിരുന്നു
ഇവനാരാ പുലിയോ എന്ന്
അതുകണ്ടാലേതു നായും
ഒന്നു പകച്ചേയ്ക്കുമെന്നൊരു പ്രത്യാശ
കണ്ടുകൊതിതീരുമ്മുമ്പാണ്‌
കൈതട്ടിവീണ്‌ ഉള്‍ക്കാഴ്ചപൊട്ടിപ്പോയത്‌


ഇനിയിപ്പോ
കാലില്‍കൊള്ളാതെ വാരിക്കളയാമെന്നല്ലാതെ
കണ്ണാടിയിലെന്തു വിപ്ലവമായിരുന്നെന്നൊക്കെ
ആര്‍ക്കറിയാം!

Friday, October 15, 2010

വെറുതേ ഒരിത്തിരിദൂരം നടന്നാലോ..?

കറണ്ടിനൊപ്പം
നിലാവും കെട്ടൊരു രാത്രി

ചുറ്റും
നിഴല്‍ പെറ്റുപേക്ഷിച്ച കുഞ്ഞുങ്ങള്‍
പേടിച്ചുണര്‍ന്ന് കരയുന്ന നേരം

ഒച്ചയുടെ തൊട്ടിലിലെങ്ങാനും
കറക്കം നിലയ്ക്കാത്തൊരു പമ്പരമുണ്ടൊ എന്ന്
ഓര്‍മ്മ മലര്‍ന്നുനോക്കുന്ന
മച്ചിലെ കൊളുത്ത്‌

ഒന്നുമില്ല
വെറുതേ ഒരിത്തിരി ദൂരം നടന്നാലോ എന്ന്
വേലിക്കലാരും വന്ന് വിളിച്ചിട്ടുമല്ല

നെഞ്ചില്‍ പന്തം കൊളുത്തി
മിന്നാമിനുങ്ങുകള്‍ തെളിച്ച വഴിയിലൂടെ
ഒത്തിരിദൂരം

ഒറ്റയ്ക്കിരുന്ന് നിശ
പാടിയലിയുന്ന
പൊന്തക്കാടിന്റെ ഗര്‍ഭത്തോളം

ദൂരെയേതോ
തുടലിന്റെ തുമ്പില്‍നിന്ന്
ഓരിയിട്ടഴിഞ്ഞൊരു നായ
പാട്ടിന്റെ ആറാംകാലവും താണ്ടുവോളം

വരമ്പത്തിരുന്നങ്ങുറങ്ങിപ്പോയി

ഉണര്‍ന്നപ്പൊഴുണ്ട്
കാക്കപ്പുറമേറിവരുന്നു പകല്‍
പരിചയഭാവം ചിലച്ച്
നമസ്കാരമുണ്ട്...
എവിടന്നാ കാലത്തേ...

Thursday, October 7, 2010

തവള

വറ്റിപ്പോയൊരു പുഴയുണ്ട്‌
വീടിന്റെ പിന്നാമ്പുറത്ത്‌

മുങ്ങിച്ചത്തൊരു പെണ്ണുണ്ട്‌
മനസിന്റെ അടുക്കളപ്പുറത്ത്‌

പുഴയല്ലാതായ പുഴയില്‍
നിലാവിന്റെ നീരൊഴുക്കുള്ള രാത്രികളില്‍
ഉറക്കിളച്ചുള്ള ഇരുത്തമുണ്ട്‌

പുഴയല്ലാത്ത പുഴയിലെ
നീരല്ലാത്ത നീരില്‍നിന്ന്
തവളയല്ലാത്ത തവളകളുടെ
പൊക്രാം പോക്രാമുണ്ട്‌

കൊന്നില്ലേ നീയവളെ..
വറ്റീല്ലേ നീരിവിടെ..

സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം

Friday, May 14, 2010

വില്പത്രം

ചത്താല്‍
ശരീരം കത്തിച്ചുകളയരുത്

കണ്ണുകള്‍
നേത്രബാങ്കിനു നല്‍കണം

മസ്തിഷ്കമരണമെങ്കില്‍
ഉപയോഗക്ഷമമായതൊക്കെ ഉപയോഗപ്പെടുത്തണം

ഒന്നും നടന്നില്ലെങ്കില്‍
ഉടലെങ്കിലും കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം

ഒക്കെ ശരി
പക്ഷേ ആത്മാവ്....?

അതാ
ദൈവത്തിനുതന്നെ മടക്കിക്കൊടുത്തേക്കുക

ഇരുട്ടത്ത് വ്യഭിചരിച്ചിട്ട്
ലോട്ടറിടിക്കറ്റ് ചുരുട്ടിത്തന്നു പോയവനെ
വെട്ടത്ത് പിടിച്ചുനിര്‍ത്തി
ഇതു നീ തന്നെ വച്ചേരെ എന്ന് പറയുമ്പോലെ

Tuesday, May 11, 2010

വീണ്ടുമൊരു മുറിക്കവിത

ഒരുപാടുനാളുകൂടി ബൂലോകകവിതയിലൊരു പോസ്റ്റിട്ടത് ഇവിടെ വായിക്കാം...

Saturday, April 3, 2010

ഗ്രഹണം

വലിയ
ഒളിപ്പോരാണെന്നായിരുന്നു
ഭാവം

അറിഞ്ഞില്ല
നിഴലുകളിലായിരുന്നു
ഒളിയിടം

സൂര്യനും
ഒറ്റിക്കൊടുക്കപ്പെട്ട ഒരു സന്ധ്യയില്‍
പിടിക്കപ്പെട്ടു

പിന്നെ
ആയുസ്സിന്റെ തുറന്ന ജയിലില്‍
ജീവപര്യന്തം

ഇനി
ഉദയമില്ലെന്നുറപ്പിച്ചൊരു രാത്രിയില്‍
തടവു ചാടിയതാവണം

അല്ലാതെ
തൂങ്ങിച്ചാവാനവരെന്നാണ്
വെറും ഉടലുകളില്‍ ജീവിച്ചിരുന്നത്

Sunday, March 21, 2010

ത്ഫൂ.....

ബസ് സ്റ്റാന്റില്‍
ആളൊഴിഞ്ഞൊരു മൂലയില്‍
സിഗരറ്റും കത്തിച്ച് ചുണ്ടില്‍ തിരുകി
ഇരുട്ടത്തിരുന്നങ്ങ് മയങ്ങിപ്പോയി

കാലത്ത്
വീണ്ടും തിരക്കായിത്തുടങ്ങിയപ്പോ
ഇരിപ്പിടമൊഴിവുണ്ടോന്ന് നോക്കിവന്ന
ആരോ ആണ് കണ്ടുപിടിച്ചത്

ഇരുന്നയിരുപ്പില്‍ എരിഞ്ഞുതീര്‍ന്നിട്ടും
ഉടഞ്ഞുവീഴാത്തൊരു മുഴുനീളനുടല്‍

ത്ഫൂ.......

ഒറ്റ ഊത്തിന് പറന്നുപോയി

Friday, February 26, 2010

കോട്ടുവാ

ഒച്ചപ്പാടുകളൊക്കെ കഴിഞ്ഞ്
മിച്ചമാവുന്നൊരിത്തിരി മൌനത്തില്‍
കണ്ണടച്ച് നിവര്‍ന്നൊന്നുറങ്ങാനും
ഇനിയുമൊത്തിരി കാത്തിരുന്നേ പറ്റൂ

ചടങ്ങുകളൊക്കെ കഴിയുവോളം
ചാവടിയിലിരുന്ന് ഉറക്കിളച്ച ഓര്‍മകളെ
പഷ്ണിക്കഞ്ഞി കുടിപ്പിച്ച് പടിയിറക്കുവോളമെങ്കിലും
ഇവിടൊക്കെയിങ്ങനെ കത്തിനിന്നേ പറ്റൂ

എന്നുവച്ച്
കഴിഞ്ഞു കഴിഞ്ഞൂന്ന് കേള്‍ക്കുന്നതല്ലാതീ
കഴിയലൊന്നങ്ങോട്ട് കഴിയുന്നില്ലല്ലോന്ന്
ചിതതന്നെയിങ്ങനെ കോട്ടുവായിടുന്നത്
ഒരു ചാക്കാലവീടിന് ചേര്‍ന്നതാണോ!

Friday, February 19, 2010

ഫ്ലാഷ് ന്യൂസ്

മുങ്ങിച്ചാവാന്‍ എടുത്തുചാടിയത്
മരുപ്പച്ചയിലേക്കായിരുന്നു

മരണം
അപകടനില തരണം ചെയ്തെന്ന് റിപ്പോര്‍ട്ട്

Tuesday, February 16, 2010

ഒറ്റ സ്നാപ്പില്‍

വീട് വച്ചതുകൊണ്ടിനി
ആത്മകഥയെഴുതി മെനക്കെടണ്ട

അപൂര്‍ണ്ണതകളും അപര്യാപ്തതകളും കൊണ്ട്
ദുരൂഹമാക്കപ്പെട്ട ദുര്‍വ്യയം
ഒറ്റ സ്നാപ്പിലൊതുക്കാവുന്നതല്ലേയുള്ളൂ!

Monday, February 8, 2010

പാവം പാവം രാജകുമാരന്‍

പട്ടിണിയെന്തെന്ന് സ്വയമറിയുവാനാണ്
പരിവട്ടനാട്ടിലെ രാജകുമാരന്‍
സ്വരക്ഷാഭീഷണികള്‍ മറികടന്ന്
പെട്ടെന്നൊരു പകല്‍ പട്ടിണിയിരുന്നത്

വാച്ചു നോക്കി അപ്പപ്പോ
വയറ് ചൂളം വിളിച്ചതിന്റെ
വ്യംഗ്യങ്ങളെ വിവര്‍ത്തനം ചെയ്തത്

അസ്തമനത്തോടെ ഉപവാസം മുറിച്ച്
പ്രജകളെയും പത്രക്കാരെയും വിളിച്ച്
പട്ടിണിപ്രഭാഷണം തുടങ്ങിയത്

“വിശപ്പ്
അത്യുദാത്തമായൊരു
ദാര്‍ശനിക അനുഭവമാണ്
ഉടലിനെയും ആത്മാവിനെയും
പുതുക്കിപ്പണിയുന്ന ജീവശാസ്ത്രമാണ്
അവനവനിലൂടപരനെയും
ലോകത്തെത്തന്നെയും കാട്ടിത്തരുന്ന
വയറ്റുകണ്ണാണ്
ഉദരനിമിത്തം കുടലിലൂടെ
‘ഈ ലോകഗോളം തിരിയുന്ന മാര്‍ഗം’
വരച്ചടയാളപ്പെടുത്തിയ
റൂട്ട് മാപ്പാണ്
ഷുഗറ്, കൊളസ്ട്രോള്‍ ഇത്യാദിയായുള്ള
ശൈലീജന്യരോഗങ്ങളില്‍ നിന്ന്
കാത്തു രക്ഷിക്കുന്ന അകം വൈദ്യനാണ്
അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ
നിങ്ങളെത്ര അനു ഗൃഹീതരാണ്”

ആപ്പിള്‍കവിളുള്ള യുവരാജകുമാരന്‍
കരുവാട് പോലത്തെ കുഞ്ഞുങ്ങളെത്തൊട്ട്
അരമനയിലേക്ക് മടങ്ങിപ്പോകവേ
കണ്‍നിറഞ്ഞ പ്രജകള്‍ പരസ്പരം പറഞ്ഞു

“തങ്കമനസ്സുള്ളയീ പൊന്നരചനുള്ളപ്പോ
അരിയെന്തിന് തുണിയെന്തിന്
പണിയെന്തിന് മക്കളേ...”

Tuesday, January 19, 2010

കാറ്റിലെ ഈര്‍പ്പത്തെക്കുറിച്ച്....

കാറ്റിന്റെ മൂളിപ്പാട്ടങ്ങ്
ദൂരത്ത് കേട്ടാമതി
മണല്‍ പരപ്പിലെ തരികളോരോന്നും
മോഹം കൊണ്ട് തുടിക്കാന്‍ തുടങ്ങും

തെന്നലിന്റെ അലകള്‍വന്ന്
മൃദുവായൊന്ന് തൊട്ടാമതി
മണ്‍കിടക്ക വിട്ടെഴുന്നേറ്റ്
മരുപ്പച്ചകള്‍ നൃത്തം ചവിട്ടാന്‍ തുടങ്ങും

വിരല്‍ പിടിച്ച്
പെരുവിരലിലൂന്നിച്ച്
കാറ്റൊന്ന് വട്ടം കറക്കിയാമതി
മരുഭൂമിയിലുന്മാദം
മണല്‍ ചുഴികളാവാന്‍ തുടങ്ങും

പൊടുന്നനേയാവും

ആഘോഷമുടന്‍ നിര്‍ത്തി
മടങ്ങിയെത്തണമെന്ന്
അകലെനിന്നെങ്ങാന്‍
അറിയിപ്പ് വന്നപോല്‍
കിനാപമ്പരങ്ങളില്‍ കാറ്റഴിയും

മടങ്ങിപ്പോകുമ്പോള്‍
മണ്ണിന്റെ വിങ്ങലില്‍
ഒരുപങ്കതോര്‍മ്മയ്ക്കായ് കൊണ്ടുപോകും

കാറ്റിവിടെയെന്നും പാടുന്ന പാട്ടില്‍
കേട്ടുമറന്ന ഏതോ വിഷാദഗാനം
നനഞ്ഞു നില്പുണ്ടെന്ന്
നിനക്കു ഞാനെഴുതിയതതുകൊണ്ടാണ്