Thursday, October 23, 2008

കമ്പപുരാണം

പാസ്പോര്‍ട്ടോ, വിസയൊ
തളര്‍ന്നുറങ്ങുന്ന ഉടലോ എടുക്കാതെ
ഏതോ അറേബ്യന്‍ ലേബര്‍ക്യാമ്പില്‍നിന്ന്
കമ്പങ്ങളുടെ ഒരു നിറകുംഭമാസത്തിലേയ്ക്ക്‌
പൊടുന്നനേ പുറപ്പെട്ടുപോയതാണവര്‍

മലനടയില്‍നിന്ന്, പരവൂരുവഴി
അങ്ങ്‌ ത്രിശ്ശിവപേരൂര്‌ വരെ
പല പൂരം നിരങ്ങി
മണല്‍ക്കാടുകള്‍ ആറിത്തുടങ്ങുന്നൊരു
വ്യാഴസന്ധ്യയിലേയ്ക്ക്‌ തന്നെ വന്നടിഞ്ഞ്‌
വീതമിട്ട്‌ വാങ്ങിയ ഒരു കുപ്പി
വിലകുറഞ്ഞ കള്ളിന്റെ വീര്യത്തില്‍
കമ്പമെങ്കില്‍ കമ്പം
മലനടക്കമ്പം എന്ന നിരക്കില്‍
‍വാഴയിലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന
ചൂടാറാത്ത ഗൃഹാതുരത്വങ്ങള്‍
അഴിക്കുവാന്‍ തുടങ്ങി

പപ്പുവാശാന്റെ ഞെരിപ്പും
മണിയനാശാന്റെ അമിട്ടുമങ്ങനെ
പല ശബ്ദങ്ങളില്‍, പല വര്‍ണ്ണങ്ങളില്‍
‍അടുക്ക്‌ തെറ്റാതെ, അളവ്‌ മാറാതെ
മാനത്ത്‌ ദേശീയപതാക വിടര്‍ത്തി നില്‍ക്കേ
കമ്പമെന്നാല്‍ നിലത്തൂന്ന് മേപ്പോട്ടല്ല
അവിടന്നിങ്ങ്‌ താപ്പോട്ട്‌
തീവായും തുറിച്ചൊരു വരവാണെന്ന്
എന്തോ ഓര്‍ത്തെടുത്തു
ഒരഫ്ഗാനി

ചുരുട്ടിയ പായില്‍
പരാധീനങ്ങളും പൊതിഞ്ഞ്‌
പൂരങ്ങളില്‍നിന്ന് പൊടിപൂരങ്ങളിലേയ്ക്ക്‌
പെയ്തൊഴിയാത്ത പലായനങ്ങളുടെ
വാല്‍ക്കഷണം വായിച്ചു
പലസ്തീനികള്‍

വെള്ളിടി പൊട്ടുമ്പോള്‍
‍കൈ ചെന്ന് പൊത്തിയ ചെവികളില്‍നിന്ന്
താനേ അടഞ്ഞ കണ്ണുകളില്‍നിന്ന്
കണ്ടെടുക്കണം
കാണാതെപോയ ബന്ധുക്കളെ
എന്ന് കുതിര്‍ന്നു
ഓര്‍ക്കാപ്പുറത്ത്‌ കരയുന്ന ശീലമുള്ള
ആറടിക്കാരന്‍ ഇറാഖി

കമ്പപുരാണത്തിന്റെ രസച്ചരട്‌ പൊട്ടി
ബാക്കിവന്നത്‌
ഒറ്റയിറുക്കിന്‌ കുടിച്ച്‌ വറ്റിച്ച്‌
ഉറങ്ങാന്‍ കിടന്നവരില്‍ ചിലരെങ്കിലും
പരിചയമില്ലാത്ത ഏതോ പൂരപ്പറമ്പിലെ
കമ്പപ്പുരയ്ക്ക്‌ തീപിടിച്ചെന്ന്
സ്വപ്നം കണ്ടുണര്‍ന്നു

മൂത്രമൊഴിച്ച്‌ വന്ന്
രണ്ടിറക്ക്‌ വെള്ളവും കുടിച്ച്‌
ഇഷ്ടദൈവത്തെ വിളിച്ച്‌
തലവഴി മൂടി

ഉറങ്ങിക്കാണും

ഇല്ലാതിരിക്കാന്‍
കുറേ കിനാവുകളല്ലാതെ
ജീവിതം കണ്ടിട്ടില്ലല്ലൊ
നമ്മളിതുവരെ